കാസര്‍കോട്: ( 10.12.2020) സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു സ്വര്‍ണക്കടത്തുകാരെ സംരക്ഷിച്ച പി ശ്രീരാമകൃഷ്ണന്‍ പദവി രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്പീക്കര്‍ കളങ്കിതനാകുന്നതു കേരളത്തെ ഞെട്ടിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേട്ടുകേള്‍വിയില്ലാത്ത ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നതെന്നും ആരോപിച്ചു.
സ്പീക്കര്‍ പദവിയില്‍ ഇരുന്നു കള്ളക്കടത്തുകാരെ സഹായിക്കുകയായിരുന്നു. ഇതിനു വ്യക്തമായ തെളിവുകളുണ്ട്. ഈ വിഷയത്തില്‍ തൃപ്തികരമായ മറുപടി പോലും സ്പീക്കര്‍ക്ക് നല്‍കാനാകുന്നില്ല. നിയമസഭയിലെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്പീക്കറുടെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകള്‍ നടന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. ഇടയ്ക്കിടെയുള്ള ആശുപത്രിവാസം സംശയകരമാണ്. രവീന്ദ്രന്റെ കയ്യിലുള്ള തെളിവുകള്‍ പുറത്തു വന്നാല്‍ മുഖ്യമന്ത്രിയും കുടുങ്ങും.
ഉന്നത മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് രവീന്ദ്രന്റെ ആരോഗ്യനില പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. എം ശിവശങ്കറിന്റെ കാര്യത്തില്‍ പറഞ്ഞ തൊടുന്യായങ്ങള്‍ രവീന്ദ്രന്റെ കാര്യത്തില്‍ പറയാന്‍ പറ്റില്ല. രവീന്ദ്രന്റെ ഇടപാടുകളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കാളിയാണ്. ശരിയായ അന്വേഷണം നടന്നാല്‍ മന്ത്രിയും കുടുങ്ങും.
യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വടക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരിക്കും. മുസ്ലിം ലീഗിന്റെ ദയാവായ്പിലായ കോണ്‍ഗ്രസിനെ തേച്ചുമാച്ച് കളയാനാണു ലീഗിന്റെ ശ്രമമെന്നും സുരേന്ദ്രന്‍ കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസില്‍ പറഞ്ഞു.