ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനവും കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) 0.50 ശതമാനം കൂട്ടിയതിന്റെ ചുവടുപിടിച്ച് വായ്‌പകളുടെ അടിസ്ഥാന പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഒഫ് ബറോഡയും ഐ.സി.ഐ.സി.ഐ ബാങ്കും. മറ്റ് ബാങ്കുകളും വൈകാതെ ഇതേപാത സ്വീകരിച്ചേക്കും.
ഐ.സി.ഐ.സി.ഐ ബാങ്ക്
മേയ് നാലിന് പ്രാബല്യത്തില്‍ വന്നവിധം റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഐ-ഇ.ബി.എല്‍.ആര്‍)ഐ.സി.ഐ.സി.ഐ ബാങ്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ചു. 8.10 ശതമാനമാണ് പുതിയനിരക്ക്.
ബാങ്ക് ഒഫ് ബറോഡ
റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ബി-ആര്‍.എല്‍.എല്‍.ആര്‍) ബാങ്ക് ഒഫ് ബറോഡ 0.40 ശതമാനം വര്‍ദ്ധിച്ച് 6.90 ശതമാനമാക്കി. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു.
എങ്ങനെ ബാധിക്കും?
ഇ.എം.ഐ ബാദ്ധ്യത ഉയരുമെന്നതിനാല്‍ എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അധിഷ്‌ഠിതമായി നിലവില്‍ വായ്‌പയുള്ളവര്‍ക്കും പുതുതായി വായ്‌പ തേടുന്നവര്‍ക്കും തിരിച്ചടിയാണ് നിരക്കുവര്‍ദ്ധന.
എഫ്.ഡി പലിശയും കൂട്ടി
ഇന്നലെ പ്രാബല്യത്തില്‍ വന്നവിധം രണ്ടുകോടി മുതല്‍ അഞ്ചുകോടി രൂപയ്ക്കുതാഴെവരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 0.25 ശതമാനം കൂട്ടി. 2.75 ശതമാനം (7-14 ദിവസം) മുതല്‍ 4.80 ശതമാനം (3-10വര്‍ഷം) വരെയാണ് പുതുക്കിയനിരക്ക്.
600 ശാഖകള്‍ പൂട്ടാന്‍
സെന്‍ട്രല്‍ ബാങ്ക്
അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ വഴി 2023 മാര്‍ച്ചിനകം 13 ശതമാനം ശാഖകള്‍ (600ഓളം) നിറുത്തലാക്കാന്‍ പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ ഒരുങ്ങുന്നുവെന്ന് സൂചന. ചെലവ് ചുരുക്കലാണ് ലക്ഷ്യം. ഇക്കാര്യം ബാങ്ക് സ്ഥിരീകരിച്ചിട്ടില്ല.
നൂറ്റാണ്ട് പിന്നിട്ട ബാങ്കിന് 4,594 ശാഖകളുണ്ട്. കിട്ടാക്കട വര്‍ദ്ധനമൂലം റിസര്‍വ് ബാങ്കിന്റെ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷന്‍ (പി.സി.എ) നടപടി നേരിടുകയാണ് 2017 മുതല്‍ ബാങ്ക്.
വായ്‌പാ വിതരണം, നിക്ഷേപം സ്വീകരിക്കല്‍, പുതിയ ശാഖ തുറക്കല്‍ എന്നിവയിലെല്ലാം നിയന്ത്രണം ഇതുമൂലം ബാങ്കിനുണ്ട്.