കൊച്ചി : സീ കേരളം ചാനലിലെ പരമ്ബരയായ ‘എരിവും പുളിയും’ യുടെ ടെലികാസ്റ്റിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ‘ഉപ്പും മുളകും’ ന്റെ സംപ്രേഷകരായ ഫ്ളവേഴ്സ് സമര്‍പ്പിച്ച പരാതി സംസ്ഥാന ഹൈക്കോടതി തള്ളി.
പകര്‍പ്പ് അവകാശം എന്ന് പറയുന്നത് ഒരാളുടെ കലയോ അല്ലെങ്കില്‍ പ്രവര്‍ത്തിയെയോ സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. എന്നാല്‍ ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാന്‍ സാധിക്കില്ലയെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളികൊണ്ട് ജസ്റ്റിസ് പി സോമരാജന്‍ പറഞ്ഞു.
കൂടാതെ, പൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്ബര കൈകാര്യം ചെയ്യുന്നതില്‍ നിര്‍മാതാവിന്റേതായ വ്യക്തിഗത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരേ പ്രമേയത്തില്‍ വരുന്നത് സ്വഭാവികമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2015 മുതല്‍ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്ബരയണ് ഉപ്പും മുളകും. ഒരു ഹൈന്ദവ കുടുംബത്തിലെ ദിനംപ്രതി ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചിറക്കിയ പരമ്ബരയ്ക്ക് വലിയതോതിലാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. പിന്നീട് ചാനല്‍ ഉപ്പും മുളകന്റെ പ്രൊഡക്ഷന്‍ അവസാനിപ്പിക്കുകയും ചെയ്തു.
അതിന് ശേഷം 2021ല്‍ സീ കേരളം എരിവും പുളിയും എന്ന് പേരില്‍ അതെ നടി നടന്മാരെ കൊണ്ട്, അതെ പ്രമേയത്തെ ആസ്പദമാക്കി ഹാസ്യ പരമ്ബര അവതരിപ്പിച്ചത്. എന്നാല്‍ ഉപ്പും മുളകും പരമ്ബരയുടെ അണിയറപ്രവര്‍ത്തകര്‍ എരിവും പുളിയുടെ സംപ്രേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. തുടര്‍ന്ന് കഥാഗതിയിലും സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും മാറ്റം വരുത്തി സീ കേരളം എരിവും പുളിയുടെ സംപ്രേഷണം തുടര്‍ന്നു. ഹൈന്ദവ പശ്ചാത്തലത്തില്‍ ആദ്യം അവതരിപ്പിച്ച എരിവും പുളിയും പിന്നീട് ക്രിസ്ത്യന്‍ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറ്റുകയും അതിനനുസരിച്ച് കഥാപാത്രങ്ങള്‍ക്കും കഥാഗതിക്കും അണിയറ പ്രവര്‍ത്തകര്‍ മാറ്റം വരുത്തുകയായിരുന്നു.
എന്നാല്‍ ഇതിനെതിരെ ഉപ്പും മുളകും ട്രയല്‍ കോടതിയെ സമീപിച്ചു. ഹൈന്ദവ പശ്ചാത്തലത്തിലുള്ള എരിവും പുളിയും പരമ്ബരയുടെ ആദ്യ നാല് എപ്പിസോഡുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാറ്റം വരുത്തിയ ബാക്കി എപ്പിസോഡുകളുടെ സംപ്രേഷണം നിര്‍ത്തിവെക്കണമെന്നുള്ള ഉപ്പും മുളകിന്റെ നിര്‍മാതാക്കളുടെ ആവശ്യം ട്രയല്‍ കോടതി നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പരമ്ബരയുടെ സംപ്രേഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാല്‍ പരാതിക്കാരന് എരിവും പുളിയും പരമ്ബര ഉപ്പും മുളകിന്റെ അതെ പതിപ്പ് തന്നെയാണെന്ന് കോടതിയെ ധരിപ്പിക്കാനായില്ല. ഒരേ പ്രമേയത്തിലുള്ള വിഷയങ്ങളോ കഥാഗതിയോ പകര്‍പ്പവകാശ ലംഘനമായി കരുതാന്‍ സാധിക്കില്ലയെന്ന് കോടതി നിരീക്ഷിച്ചു. പൊതുവായ ഒരു പ്രമേയത്തില്‍ ഉപരി എരിവും പുളിയും പരമ്ബരയ്ക്ക് അതിന്റേതായ മാറ്റങ്ങളുണ്ടെന്നും അതെ വേറെ ഒരു തലത്തിലാണ് അവതരിപ്പുക്കുന്നതെന്നും കോടതി കണ്ടെത്തി. പ്രമേയം ഒരേപോലെയാണെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനമായി കണക്കിലെടുക്കാന്‍ സാധിക്കില്ലയെന്നും കോടതി വിലയിരുത്തിയാണ് ഫ്ളവേഴ്സിന്റെ പരാതി തള്ളിയത്.