ആലുവ: ആലുവ നഗരത്തില്‍ നിന്ന് കാണാതായ കുഞ്ഞിനായി നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനയും വിഫലമായി. കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്ന ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെരിയാറിന്റെ തീരത്ത് മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനു സമീപമാണ് ചെളിയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്. ചാക്കിനു മുകളില്‍ കല്ല് കയറ്റിവച്ചിരുന്നു.
കുട്ടിയുടെ പിതാവ് മഞ്ചക് കുമാറിനെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം പിതാവിനെ കാണിച്ച് കുട്ടിയെ തിരിച്ചറിയും.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ചാന്ദിനി കുമാരി (അഞ്ച്) യെ അസം സ്വദേശിയായ അസ്ഫാക് ആലം മിഠായിലും ജ്യൂസും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് മാതാപിതാക്കളുടെ അടുക്കല്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.
ആലുവ ഗ്യാരേജിന് സമീപം ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്നാണ് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കളായ ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് അസ്ഫാക് എത്തിയത്.
മൂന്നു വര്‍ഷമായി ചാന്ദ്്‌നിയുടെ മാതാപിതാക്കള്‍ ആലുവയില്‍ എത്തിയിട്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി ഉള്‍പ്പെടെ നാല് കുട്ടികള്‍ ഇവര്‍ക്കുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരുമായെല്ലാം അടുപ്പത്തിലുള്ള ഈ കുട്ടികള്‍ക്ക് ഇവരെല്ലാം മധുരപലഹാരങ്ങള്‍ വാങ്ങിനല്‍കാറുണ്ടായിരുന്നു.
ഈ അടുപ്പം മുതലെടുത്താണ് ചാന്ദ്‌നിയെ അസ്ഫാക് കൂട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കാണ്‍മാനില്ലെന്ന് മാതാപിതാക്കള്‍ വൈകിട്ട് ഏഴ് മണിയോടെയാണ് ആലുവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. ഒന്‍പത് മണിയോടെ അന്വേഷണം ഊര്‍ജിതമാക്കി.
പെണ്‍കുട്ടിയ്ക്ക് അസ്ഫാക് ജ്യുസ് വാങ്ങി നല്‍കിയിരുന്നുവെന്ന് കടക്കാരന്‍ പോലീസിനെ അറിയിച്ചതോടെ അന്വേഷണം അസ്ഫാകിനെ കേന്ദ്രീകരിച്ചായി. സിസിടിവി പരിശോധനയില്‍ ഇയാള്‍ ഒരു കുട്ടിയുമായി ഒരു കെഎസ്‌ആര്‍ടിസി ബസില്‍ കയറിപ്പോകുന്നതായി ബോധ്യപ്പെട്ടു.
എന്നാല്‍ രാത്രിയോടെ അസ്ഫാക്കിനെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പിടികൂടി. ഈ സമയം അയാള്‍ക്കൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അമിതമായി ലഹരികഴിച്ച നിലയില്‍ ആയിരുന്നു.
ഇന്നു രാവിലെയോടെയാണ് അസ്ഫാകിന് ബോധം വീണ്ടെടുക്കാനായതും ചോദ്യം ചെയ്തതും. കുട്ടിയെ സാക്കീറിന് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കി.
പോലീസ് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം മൃതദേഹം കണ്ടെത്തിയതായി 12 മണിയോടെ വിവരം കിട്ടുന്നത്.
കുട്ടിയെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരിച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തിയത്.