അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവര്‍

നിലമ്ബൂർ: ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കില്‍ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്ന് പി.വി.

അൻവർ എം.എല്‍.എ. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

തിരുത്തല്‍ ആത്മാർത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്ബും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്.

ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച്‌ അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡല്‍ഹിയില്‍ വെച്ച്‌ ഇന്റർവ്യൂ കൊടുത്തത്. ബി.ജെ.പി ഓഫിസിലും ആർ.എസ്.എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോർഡ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു.

ഇന്നലെ വൈകീട്ടാണ് കോഴിക്കോട് എയർപോർട്ട് എന്ന വാക്ക് ആദ്യമായി മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം എന്നത് മാറ്റി കരിപ്പൂർ എയർപോർട്ടും കോഴിക്കോട് എയർപോർട്ടുമായി മാറ്റിയതില്‍ മുഖ്യമന്ത്രിയോട് നന്ദിയുണ്ട് -അൻവർ പറഞ്ഞു.

‘ഞാൻ പറഞ്ഞ വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ വെല്ലുവിളിക്കുന്നു. അതില്‍ എന്നെയും ഉള്‍പ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വർണം ആര്, ആർക്ക് കൊണ്ടുവരുന്നു എന്ന് സർക്കാർ ഇതുവരെ അന്വേഷിച്ചോ? വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാല്‍ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാല്‍, ഇവിടെ എത്തിക്കുന്ന സ്വർണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിയുമല്ലോ? എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്?

സുജിത് ദാസും അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ഉള്‍പ്പെട്ട സംഘമാണ് ഈ മൂന്നുകൊല്ലം സ്വർണ വേട്ടയും സ്വർണം പൊട്ടിക്കലും നടത്തിയത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടെ. ഞാൻ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണ സംഘം നാളെ റിപ്പോർട്ട് നല്‍കാനിരിക്കുകയാണ്. അതില്‍ ഇന്നലെ വൈകീട്ടാണ് വിജിലൻസ് എന്റെ മൊഴിയെടുക്കാൻ എത്തിയത്്. എത്ര അപഹാസ്യമാണിത്. നാളത്തെ റിപ്പോർട്ടിന് ഇന്ന് മൊഴി തരാൻ സൗകര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ട് ഇപ്പോഴാണോ മൊഴി എടുക്കേണ്ടത്?’ -അൻവർ ചോദിച്ചു.

Related posts

Leave a Comment