സംസ്ഥാനത്ത് മഴ കനക്കുന്നു; തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ; കൊച്ചിയില്‍ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്. രാവിലെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും മഴ പെയ്യുന്നുണ്ട്.

പെരുമ്ബാവൂരും കോതമംഗലം പ്രദേശത്തും മഴ ശക്തമാണ്. ഇടപ്പള്ളിയിലും മഴ ശക്തമായി പെയ്യുകയാണ്. എറണാകുളത്ത് പുലർച്ചെ മുതല്‍ ഇട വിട്ട് മഴ പെയ്യുകയാണ്. കൊച്ചിയില്‍ രാത്രിയിലും മഴ ഉണ്ടായിരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം കോട്ടയം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളല്‍ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

അതി തീവ്ര ന്യൂന മർദ്ദം ഓഗസ്റ്റ് 29 രാവിലെയോടെ സൗരാഷ്ട്ര കച്ച്‌ തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലില്‍ എത്തിച്ചേർന്നിട്ടുണ്ട്. മധ്യ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്.

വയനാട് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ച സഹാചര്യത്തില്‍ പ്രത്യേക ജാഗ്രത നിർദ്ദേമാണ് ഉള്ളത്. തീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ ക്യാംപുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കാനും നിർദ്ദേശമുണ്ട്.

വടക്കു കിഴക്കൻ അറബിക്കടലില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 85 കിലോമീറ്റർ വരെയും വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 2024 ഓഗസ്റ്റ് 29 മുതല്‍ 31 വരെയും കർണാടക തീരത്ത് 2024 ഓഗസ്റ്റ് 28 മുതല്‍ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Related posts

Leave a Comment