ശുഭ വാര്‍ത്ത, ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്‍ പരീക്ഷിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങളില്ല

പൂനെ: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളിലാണ്. അതിനിടെ ഒരു നല്ല വാര്‍ത്ത കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൂനെ ഭാരതി ആശുപത്രിയില്‍ ഉളള രണ്ട് വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.

32ഉം 48ഉം വയസ്സ് പ്രായമുളള പുരുഷന്മാരിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഒരു മാസത്തിന് ശേഷം ഈ യുവാക്കളില്‍ വീണ്ടും ഒരു ഡോസ് കൂടി വാക്‌സിന്‍ പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസമായി ഈ യുവാക്കളെ തങ്ങളുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിന് ശേഷവും ഇവര്‍ സാധാരണ പോലെ തന്നെ തുടരുന്നുണ്ട്. വാക്‌സിന്‍ പരീക്ഷിച്ചതിന് ശേഷം ഇവര്‍ക്ക് വേദനയോ പനിയോ മറ്റ് പാര്‍ശ്വ ഫലങ്ങളോ ഒന്നും ഉണ്ടായില്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിതേന്ദ്ര ഓസ്വാള്‍ അറിയിച്ചു. ഇവരെ നിലവില്‍ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരിക്കുകയാണ്.

വരുന്ന 7 ദിവസങ്ങള്‍ക്കുളളില്‍ 25 പേരില്‍ കൂടി വാക്‌സിന്‍ പരീക്ഷണം നടത്തും. ബ്രീട്ടീഷ്-സ്വീഡിഷ് ഫാര്‍മ കമ്ബനിയായ ആസ്ട്രാ സിനെകയുമായി ചേര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ജെന്നര്‍ ഇ്ന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുളള കരാര്‍ ലഭിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ്.

Related posts

Leave a Comment