‘ശശി സാര്‍ പറയുന്നതെല്ലാം അജിത് സാര്‍ ചെയ്തുകൊടുക്കാറുണ്ട്’; വിവാദമായി എസ്പിയുടെ ഫോണ്‍സംഭാഷണം; വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്പി സുജിത്ത് ദാസിന്റെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്.

അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.

വിവാദ സംഭാഷണത്തില്‍ എസ്പി സുജിത്ത് ദാസിനെതിരെ നടപടിക്കാണ് സാധ്യത. പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് ഇന്ന് തന്നെ മാറ്റാനും സാധ്യതയുണ്ട്. സംസ്ഥാന സമിതി യോഗതിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നടപടി ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു.

എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച്‌ കടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ പിവി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് സംഭാഷണത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലിസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പൊലിസില്‍ സര്‍വശക്തനായിരുന്ന ഐജി പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എഡിജിപിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍യുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.

‘എംഎല്‍എ ഇട്ട ഫെയ്‌സ്ബുക്ക് കണ്ടിരുന്നു. എനിക്ക് വേണ്ടി ഒന്ന് പരാതി പിന്‍വലിച്ച്‌ താ. ബാക്കിയുള്ള കാലം എംഎല്‍എയ്ക്ക് കടപ്പെട്ടിരിക്കും. 25ാം വയസില്‍ സര്‍വീസില്‍ കയറിയതാണ്. ഡിജിപിയായി റിട്ടയര്‍ ചെയ്യാന്‍ ആരോഗ്യവും ആയസ്സും തന്നാല്‍ താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കും. എംഎല്‍എ ഒരു സഹോദരനെ പോലെ തന്നെ കാണണം’

എംആര്‍ അജിത് കുമാറിന്റ കാര്യങ്ങളാണ് അറിയേണ്ടതെന്ന അന്‍വര്‍ എംഎല്‍എ പയുന്നു ‘അയാള്‍ സര്‍വശക്തനായിരിക്കുന്നതുകൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശി സാറുമായി വലിയ അടുപ്പമുള്ളതുകൊണ്ട് അയാളെക്കുറിച്ച്‌ ആലോചിക്കാന്‍ തന്നെ പേടിയാണ്. ഒരു ഉദാഹരണം പറയാം, ഞങ്ങളെല്ലാം സര്‍വീസില്‍ കയറുമ്ബോള്‍ വിജയന്‍ സാറിന്റെ തീവ്ര ആരാധകരായിരുന്നു. എല്ലാവര്‍ക്കും പേടിയായിരുന്നു. പൊലിസിന്റെ കാര്യത്തില്‍ എല്ലാവരെയും ജോലി ചെയ്യിക്കുന്ന ആളായിരുന്നു. അത്ര പ്രശസ്തിയില്‍ നില്‍ക്കുമ്ബോളാണ് സര്‍വശക്തനായ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് നശിപ്പിച്ചുകളഞ്ഞത്. അദ്ദേഹം സര്‍ക്കാരിന് അത്രയും വേണ്ടപ്പെട്ട ആളായി നില്‍ക്കയാണ്’

ശശി സാര്‍ പറയുന്ന കാര്യങ്ങളെല്ലാം അജിത് സാര്‍ ചെയ്ത് കൊടുക്കാറുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്മാര്‍ക്ക് എന്താണ് പണിയെന്ന് നോക്കൂ എന്നായിരുന്നു എസ്പിയുടെ മറുപടി. അവരാണ് ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നതെന്നും അത് എന്നോട് പറയാതിരുന്നിട്ട് എന്തിനാണെന്ന് അന്‍വര്‍ ചോദിക്കുന്നു. അയാളുടെ സൂഹൃദ് വലയം അറിയാലോ, എല്ലാ ബിസിനസുകാരും അയാളുടെ സുഹൃത്തുക്കളാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.അതിനാണ് ആ പൊട്ടനെ അവിടെ എസ്പിയായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു എസ്പി പറഞ്ഞത്.

പാലക്കാട് ഇരിക്കുന്ന ഡയറ്ക്‌ട് ഓഫീസര്‍ അജിത് കുമാറിന്റെ അടിമക്കണ്ണാണ്. അവിടെയുള്ള എസ്പിമാര്‍ക്കൊന്നും ഒരു റോളുമില്ല, എല്ലാം അയാളുടെ കയ്യിലാണ്. റേഞ്ച് അടക്കി ഭരിക്കാന്‍ അപ്പുറത്തും ഇപ്പുറത്തും രണ്ട് പൊട്ടന്‍മാരെ നിയമിച്ചിട്ടുണ്ട്. അത് മനസിലാക്കാന്‍ അന്താരാഷ്ട്രാ ബുദ്ധിയൊന്നും വേണ്ടല്ലോ എന്നും എസ്പി സുജിത് ദാസ് പറയുന്നു.

എംആര്‍ അജിത്കുമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുവെന്ന് അന്‍വര്‍ പറയുമ്ബോള്‍ എംഎല്‍എക്കുമാത്രമല്ലേ ആ വിചാരമുള്ളു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ആഭ്യന്തരവകുപ്പിനും അതില്ലല്ലോയെന്നാണ് സുജിത് ദാസിന്റെ മറുപടി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ ചാനല്‍ ഉടമയ്ക്ക് പൊലിസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് അജിത് കുമാറാണെന്നും അന്‍വര്‍ ആരോപിക്കുന്നു.

പിവി അന്‍വര്‍ എംഎല്‍എ – എസ്പി സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് സൂചന. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി തന്നെ ഡിജിപിക്ക് കത്ത് നല്‍കിയേക്കും. സംഭാഷണം സുജിത് ദാസിന്റേതു തന്നെയാണെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് സാധ്യതയുണ്ട്. എഡിജിപി അജിത് കുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങളും അന്വേഷിക്കും. അന്‍വറിന്റെ സംഭാഷണത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയുള്ളതായും വിവരമുണ്ട്.

Related posts

Leave a Comment