വീണ്ടും ജീവന്‍ വെച്ച്‌ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച്‌ മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു.

സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം. ആദ്യത്തെ ആഴ്ച രാവിലെ മൂന്ന്‌ മണിക്കൂര്‍, ഉച്ചയ്ക്കുശേഷം മൂന്ന്‌ മണിക്കൂര്‍ വീതമുള്ള രണ്ട്‌ ഘട്ടങ്ങളായാണ് ക്ലാസുകള്‍ . ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്താം.

കുട്ടികള്‍ തമ്മില്‍ രണ്ട്‌ മീറ്റര്‍ ശാരീരിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത്. പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ രണ്ട്‌ മണിക്കൂര്‍ കൂടുമ്ബോള്‍ സാനിറ്റൈസ് ചെയ്യണം. സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം നിര്‍ബന്ധം. വാഹനങ്ങളില്‍ കയറും മുമ്ബ്‌ തെര്‍മല്‍ പരിശോധന നടത്തണം. മാസ്ക് നിര്‍ബന്ധം. തുടങ്ങിയ മാര്‍​ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

Leave a Comment