കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാര്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. അക്രമി രാവിലെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. കാര്‍ വീട്ടുമുറ്റത്ത് നിന്ന് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ദൃശ്യങ്ങളില്‍ കാണാം. രാവിലെ 10 മണിക്ക് മുമ്ബായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത്
ഇന്നലെ രാവിലെ പത്തിനു അക്രമിസംഘം എത്തിയതായാണ് പൊലീസിന്റെ നിഗമനം. അബ്‌ദുള്‍ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാള്‍ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കില്‍ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍. മൊബെെല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യില്‍ ധരിച്ചിരുന്ന വളകള്‍ കാണാനില്ലെന്ന് ഷീബയുടെ ഭര്‍തൃസഹോദരന്‍ പറഞ്ഞു.
ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയില്‍ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോള്‍ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് കരുതുന്നത്. അടുക്കളയില്‍ ചപ്പാത്തി വേവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോള്‍ ചപ്പാത്തി ഉണ്ടാക്കുന്നത് നിര്‍ത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭര്‍ത്താവ് അബ്‌ദുള്‍ സാലിക്ക് ഓര്‍മ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകും.
വീട്ടിലെ പാചക വാതകം തുറന്നു വിട്ട നിലയിലായിരുന്നു. ദമ്ബതികള്‍ ആക്രമിക്കപ്പെട്ട കാര്യം ഇന്നലെ വെെകീട്ടാണ് നാട്ടുകാര്‍ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ ദമ്ബതികള്‍ ആക്രമിക്കപ്പെട്ട നിലയില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷീബയുടെയും ഭര്‍ത്താവിന്റെയും ശരീരത്തില്‍ വൈദ്യുതിവയര്‍ കെട്ടി വച്ചിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം തട്ടിമറിച്ച നിലയിലാണ്