വാഷിംഗ്ടണ്‍: യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ച സേനയില്‍ 50 ശതമാനവും ആക്രമണത്തിന് സജ്ജരായി കഴിഞ്ഞുവെന്ന് അമേരിക്ക.
1,50,000 സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളില്‍ 48മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം നിലയുറപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.
സാധാരണ 60 ബറ്റാലിയനാണ് യുക്രെയിന്‍ അതിര്‍ത്തിയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഫെബ്രുവരി ആദ്യം തന്നെ റഷ്യ 80 ബറ്റാലിയനായി ഉയര്‍ത്തിയിരുന്നു. നിലവില്‍ 125 ബറ്റാലിയനെയാണ് യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ തന്നെ റഷ്യയുടെ ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബസ് മേഖലയിലെ സൈനികര്‍ക്കു നേരെയുള്ള ഷെല്ലാക്രമണം രണ്ടാം ദിവസവും തുടര്‍ന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം 700ലേറെ തവണ സ്ഫോടനശബ്ദം കേട്ടതായി നിരീക്ഷകര്‍ അറിയിച്ചു. 2015ലെ വെടിനിര്‍ത്തലിനു ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ഷെല്ലാക്രമണമാണ് ഇത്. യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അമേരിക്കയും മറ്റ് പല രാജ്യങ്ങളും കുറ്റപ്പെടുത്തി. യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദത്തെയും അമേരിക്കയും നാറ്റോയും തള്ളി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പോളണ്ടിലെത്തി സാഹചര്യം വിലയിരുത്തി. യുദ്ധമുണ്ടാവുകയാണെങ്കില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന പോളണ്ടിന് എല്ലാ സഹായവും അമേരിക്ക വാഗാദാനം ചെയ്തു.