ലഖ്നൗ: ( 31.01.2020) 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതിന് പിന്നാലെ ഭാര്യയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം.
മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തി ബന്ദിയാക്കിയതിനെ തുടര്‍ന്ന് സുഭാഷ് ബദ്ദാം എന്നയാളെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ഇതിന് പിന്നാലെ അയാളുടെ ഭാര്യ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. എന്നാല്‍ കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊലക്കേസില്‍ പ്രതിയായ സുഭാഷ് ബദ്ദാം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ സുഭാഷ് ഗ്രാമത്തിലെ ഇരുപതോളം കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ബന്ദിയാക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇവരെ ബന്ദിയാക്കിയത്.
എന്നാല്‍ കുട്ടികള്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സുഭാഷുമായി അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാത്രിയോടെ പൊലീസ് നടത്തിയ നീക്കത്തിനിടെ സുഭാഷ് വെടിയേറ്റ് മരിക്കുകയായിരുന്നു.
കുട്ടികളെല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സുഭാഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ നിരപരാധിയാണെന്ന് സുഭാഷ് പൊലീസിനോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കുട്ടികള്‍ മോചിതരായതിന് പിന്നാലെ കലിമൂത്ത നാട്ടുകാര്‍ സുഭാഷിന്റെ ഭാര്യയെ കല്ലെറിഞ്ഞും ഇഷ്ടിക കട്ടകള്‍ എറിഞ്ഞും ആക്രമിച്ചു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പാള്‍ സെക്രട്ടറിയുമായ അവനീഷ് കുമാര്‍ അശ്വതി അറിയിച്ചു.
കുട്ടികളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുത്തിയ ഉത്തര്‍പ്രദേശ് പൊലീസിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യത്തില്‍ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.