തിരുവനന്തപുരം: ജീവിതം വഴിമുട്ടിയതു കൊണ്ടാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതെന്ന് പൂന്തുറ കൗണ്‍സിലര്‍ പീറ്റര്‍ സോമന്‍ പറയുന്നു. “പൂര്‍ണമായും ലോക്ക് ആയിപ്പോയി. നാലഞ്ച് ദിവസമായി ആഹാരം ഒന്നും വരുന്നില്ല. പാലു പോലും ലഭിക്കുന്നില്ല. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങാന്‍ സമ്മതിക്കുന്നില്ല. തുടര്‍ന്ന് ജനം സ്വയം അക്രമാസക്തരായി,” കേരള കോണ്‍ഗ്രസ് എമ്മുകാരനായ പീറ്റര്‍ സോമന്‍ പറഞ്ഞു.
“ഞങ്ങള്‍ക്ക് ആഹാരം സൗജന്യമായി നല്‍കണമെന്നില്ല. വാങ്ങാനുള്ള അനുവാദം തന്നാല്‍ മതി. കടകള്‍ തുറക്കാന്‍ അനുമതി തന്നാല്‍ മതി. സര്‍ക്കാര്‍ ഒരാഴ്ച്ചത്തെ സൗജന്യ റേഷനരി തന്നത് കൊണ്ട് എന്താകാനാണ്. മുമ്ബ് നല്‍കിയത് പോലെ കിറ്റ് നല്‍കണം,” പീറ്റര്‍ സോമന്‍ പറഞ്ഞു.
ഗര്‍ഭിണിയെ ആശുപത്രിയില്‍ നിന്നും തിരിച്ചുവിട്ടു
പൂന്തുറയില്‍ കോവിഡ്-19 രോഗവ്യാപനമുണ്ടായതിനെ തുടര്‍ന്ന് സാധാരണ രോഗങ്ങള്‍ക്ക് പോലും ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുന്നില്ലെന്ന് കൗണ്‍സിലര്‍ പറയുന്നു.
“ആശുപത്രിയില്‍ പോകാന്‍ പറ്റുന്നില്ല. ആശുപത്രിയില്‍ പോയാല്‍ കയറ്റുന്നില്ല. ഇന്ന് ഒരു ഗര്‍ഭിണി തൈക്കാട് ആശുപത്രിയില്‍ പോയി. അവിടെ അഡ്മിറ്റ് ചെയ്തില്ല. 14-ാം തിയതിയാണ് അവര്‍ക്ക് പ്രസവത്തിനുള്ള തിയതി പറഞ്ഞിരിക്കുന്നത്. ഇന്ന് സ്‌കാനിങ് കഴിഞ്ഞ് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. അവരെ പൂന്തുറക്കാരിയെന്ന് പറഞ്ഞ് കയറ്റിയില്ല. ഞാന്‍ കളക്ടറെ വിളിച്ചു. അവര്‍ അത് ശരിയാക്കാം എന്ന് പറഞ്ഞു. ആ ഗര്‍ഭിണി ഇപ്പോള്‍ തിരിച്ച് പൂന്തുറ എത്തി. കമ്മീഷണറും ഡെപ്യൂട്ടി കളക്ടറും എസിപിയുമെല്ലാം ഉള്ളപ്പോള്‍ തന്നെയാണ് തിരിച്ചെത്തിയത്.”
ഇത് കെെവിട്ട കളിയാണ്, ജനങ്ങള്‍ സഹകരിക്കണം; പൂന്തുറയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി
“കൊറോണ അസുഖമുള്ളതിനാല്‍ മറ്റൊരു രോഗത്തിനുമുള്ള ചികിത്സ ലഭിക്കുന്നില്ല. പത്രം വരുന്നില്ല. കൊച്ചു കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല് പോലും വരുന്നില്ല. ജനങ്ങള്‍ വിശപ്പ് മൂലം അക്രമാസക്തരായതാണ്. കൊറോണയെക്കാളും പട്ടിണി കിടന്ന് മരിക്കേണ്ട അവസ്ഥയിലാണ്. ജീവിക്കണ്ടേ. ഭക്ഷണം കഴിക്കണ്ടേ. കൊറോണ കൊണ്ട് മരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്,” അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാറാന്‍ പോലും വ്‌സ്ത്രമില്ല, സ്ത്രീകള്‍ക്ക് പാഡ് കിട്ടുന്നില്ല
മൂന്ന് ദിവസം ആന്റിജന്‍ പരിശോധന നടത്തി. ചുമയും പനിയുമുള്ളവരെ കൊണ്ടുപോകുന്നതിനെ പൂന്തുറയിലെ ആരും എതിര്‍ക്കുന്നില്ല. പക്ഷേ, അവര്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കേണ്ടതല്ലേ. പൂന്തുറയിലെ സെന്ററില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ ആളുകളെ കൊണ്ടു പോകും. രാവിലെ മുതല്‍ അവര്‍ ആഹാരം കഴിക്കാതെ നില്‍ക്കേണ്ടി വന്നു. പുറത്ത് വിടില്ല. വൈകുന്നേരം റിസള്‍ട്ട് വന്ന് പോസിറ്റീവായവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
വട്ടപ്പാറ, കാരക്കോണം, വര്‍ക്കല പോലുള്ള സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. രാത്രിയാണ് അവിടെ എത്തുന്നുവെന്നതിനാല്‍ ആശുപത്രിയില്‍ നിന്നും ആഹാരം ലഭിക്കാതെ വന്നു. മാറാനുള്ള വസ്ത്രമില്ല. മെന്‍സസ് ആയ സ്ത്രീകള്‍ക്ക് പാഡ് പോലും ആശുപത്രിയില്‍ കിട്ടുന്നില്ല. ഇവിടെ നിന്നും വസ്ത്രവും മറ്റു അവശ്യ വസ്തുക്കളും എത്തിക്കാമെന്ന് പറഞ്ഞാലും അതിന് അധികൃതര്‍ സമ്മതിക്കുന്നില്ല. നരകയാതനയാണ് അനുഭവിക്കുന്നത്.
സമീപ വാര്‍ഡുകളിലേയും കേസുകള്‍ പൂന്തുറയുടെ തലയില്‍
പൂന്തുറയുടെ സമീപ പ്രദേശങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരെല്ലാം പൂന്തുറക്കാരായി മാറുന്നു. മറ്റു പ്രദേശങ്ങളിലുള്ളവരേയും പൂന്തുറയുടെ കണക്കില്‍ ഉള്‍പ്പെടുത്തുന്നു. പുത്തന്‍പള്ളി, മാണിക്യവിളാകം, പരുത്തിക്കുഴി, അമ്ബലത്തറ, മുട്ടത്തറ തുടങ്ങിയ വാര്‍ഡുകളിലെ രോഗികളെയാണ് പൂന്തുറയുടെ പട്ടികയില്‍പ്പെടുത്തുന്നത്. പൂന്തുറയെ ഭീകരപ്രദേശമായി ചിത്രീകരിക്കുന്നു. മീന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു സാധനങ്ങളെല്ലാം ഈ പ്രദേശത്തു നിന്നാണ് ഞങ്ങള്‍ വാങ്ങുന്നത്. അവിടെ നിന്നും രോഗം ഞങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. പക്ഷേ, അവിടെയൊന്നും രോഗപ്രതിരോധത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അവിടെ എന്ത് സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള രോഗികളെ വരെ പൂന്തുറയില്‍പ്പെടുത്തുന്നു. ഇവിടെ ആളുകള്‍ പരസ്പരം അന്വേഷിക്കുമ്ബോള്‍ ആര്‍ക്കും അറിയില്ല.
ഇവിടെ കമാന്റോകള്‍ ഇല്ല, പൂന്തുറയെക്കുറിച്ച് ഭീകരത സൃഷ്ടിക്കുന്നു
“പുത്തന്‍പള്ളി വാര്‍ഡിലെ കൊറോണ ബാധിച്ച രണ്ട് സഹോദരങ്ങളാണ് കന്യാകുമാരിയില്‍ നിന്നും മീന്‍ ഹോള്‍സെയിലായി എടുത്തു കൊണ്ട് വന്ന് വിറ്റത്. അവര്‍ക്ക് ധാരാളം ബന്ധങ്ങളുണ്ട്. അവിടെ രോഗത്തിന്റെ ഉത്ഭവം. പക്ഷേ, അവിടങ്ങളിലൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ ജീവിതം വഴിമുട്ടി. ഞങ്ങള്‍ക്ക് അനങ്ങാന്‍ പറ്റുന്നില്ല. ഇനി വരുന്ന ദിവസങ്ങളില്‍ ഞങ്ങളെ ആരും ഉള്‍ക്കൊള്ളുകയില്ല.”
കോവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനം തെരുവില്‍, വീഡിയോ
“ജൂണ്‍-ജൂലായ് മാസങ്ങളില്‍ കടല്‍ക്ഷോഭമുള്ളതിനാല്‍ വിഴിഞ്ഞം പോലുള്ള പ്രദേശങ്ങളില്‍ നിന്നാണ് മീന്‍ എടുക്കാന്‍ പോകുന്നത്. പൂന്തുറയില്‍ രോഗവ്യാപനമെന്ന വാര്‍ത്ത പരന്നതോടെ ഒരിടത്തും ഞങ്ങളെ കയറ്റുന്നില്ല. ഈ ഗ്രാമത്തില്‍ കിടന്ന് ഞങ്ങള്‍ മരിക്കുകയാണ്.”
“500 കമാന്റോകളാണ് ഇവിടെ കാവല്‍ നില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ എഴുതുന്നു. എന്നാല്‍ ഈ കമാന്റോകള്‍ ആദ്യത്തെ ദിവസം ഒരു റൗണ്ട് വന്ന് തിരികെ പോയി. പക്ഷേ, എല്ലാ ദിവസവും കമാന്റോ റോന്തു ചുറ്റുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു,” സഹിക്കവയ്യാതെ ജനം അക്രമാസക്തരായിയെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
ജനത്തെ പേടിച്ച് കൗണ്‍സിലറും ഒളിവില്‍ പോയി
“നാല് ദിവസമായി ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. 150 ഓളം പേര്‍ക്ക് പോസിറ്റീവായി. രോഗബാധിതരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. അവരെല്ലാം നാലഞ്ച് ദിവസം കഴിഞ്ഞ് സുഖമായി തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ആരോഗ്യമുള്ളവരാണ്. ചിലര്‍ക്ക് പനിയുണ്ട്. ചിലര്‍ക്ക് ചുമയുണ്ട്. വൃദ്ധരായവര്‍ നാലഞ്ച് പേരേയുള്ളൂ. ഈ രോഗത്തെ കുറിച്ച് ഞങ്ങള്‍ക്ക് ധൈര്യമുണ്ട്. ജാഗ്രതയുമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മീന്‍ പിടിക്കാന്‍ സര്‍ക്കാര്‍ അനുവാദം തന്നപ്പോള്‍ പോലും അതിന് പോകേണ്ടെന്ന് തീരുമാനിച്ചവരാണ് ഞങ്ങള്‍. അത്രയ്ക്ക് ശ്രദ്ധിച്ചവരാണ് ഞങ്ങള്‍.”
“ജനം കൂട്ടം കൂടിയതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. എങ്കിലും ജനങ്ങളുടെ വിശപ്പാണ് കാണേണ്ടത്. ആരും ഇളക്കിവിട്ടതല്ല. യുഡിഎഫിന്റെ കൗണ്‍സിലറായ ഞാന്‍ വരെ ഒളിവിലായിരുന്നു. പുറത്ത് ഇറങ്ങിയാല്‍ ജനം എവിടെ പാല്‍, എവിടെ വെള്ളം, എവിടെ അരിയെന്ന് ചോദിച്ച് ആളുകള്‍ വളയും. ഞങ്ങള്‍ എവിടെ പോകണം, എന്ത് ചെയ്യണം എന്ന് ചോദിക്കും. ഒരു കൗണ്‍സിലര്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഇളവുകള്‍ നല്‍കാന്‍ തീരുമാനം
ആഹാര വസ്തുക്കളും മറ്റും കുമരിച്ചന്തവരെ കൊണ്ടുവരും. ഇവിടെ നിന്നും 11 മണിക്ക് മുമ്ബായി ഓട്ടോറിക്ഷയില്‍ പോയി കാശ് കൊടുത്തു വാങ്ങിക്കൊണ്ടുവരണം. മില്‍മ പാല്‍ കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്യും. മൊബൈല്‍ എടിഎം, ഹോര്‍ട്ടികോര്‍പ്‌സിന്റെ മൊബൈല്‍ വാന്‍ തുടങ്ങിയ അനുവദിക്കും.