മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാല വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില്‍ മരിച്ചു.
ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഒഴുക്കില്‍ പെട്ട രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. രണ്ടു കുട്ടികളെ കാണാനില്ല.
ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങള്‍ താഴെയുള്ള റിസര്‍വോയറില്‍ നിന്നാണ് കണ്ടെടുത്തത്.
അദ്നാന് അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
അവധിദിവസം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. വെള്ളച്ചാട്ടം കണ്ടുനില്ക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു.
വെള്ളത്തിന്റെ ശക്തിയെ പ്രതിരോധിക്കാന്‍ കുടുംബം കെട്ടിപ്പിടിച്ചു നില്ക്കുന്നതും ഒടുവില്‍ പിടിവിട്ട് ഒഴുക്കില്‍ പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് പൊലിസ് അറിയിച്ചു.