സ്വപ്ന–സരിത് മൊഴികളിൽ 4 മന്ത്രിമാരും: ചിലരുമായി സാമ്പത്തിക ഇടപാടുകളും

തിരുവനന്തപുരം : അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഉഗ്രശേഷിയുള്ളൊരു സ്‌ഫോടനത്തിന് സാദ്ധ്യതയേറെയാണ്. ബോംബ് സ്‌ഫോടനമൊന്നുമല്ല; ഒരാളുടെ മൊഴിയില്‍ നിന്നുമുണ്ടാവുന്ന ഉഗ്രശേഷിയുള്ല വിസ്‌ഫോടനമാവുമത്. കോടികളുടെ കള്ളപ്പണവും കോഴയും ഡോളറാക്കി വിദേത്തേക്ക് കടത്തിയ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതര്‍ക്കെതിരായ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ കസ്റ്റംസ് രേഖപ്പെടുത്തി. സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കാനായി കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പ് കിട്ടുന്നതോടെ ഉന്നതരെ ചോദ്യംചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രഏജന്‍സികള്‍ കടക്കും. ഇതോടെ ഉന്നതരുടെ മുഖം മൂടി അഴിഞ്ഞുവീഴും

ഉന്നതന് പിന്നാലെ നാല് മന്ത്രിമാരും
ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തെ ഒരു ഉന്നതന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സിഡാകിന്റെ സഹായത്തോടെ അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്ത ചാറ്റുകളില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു എന്ന റിപ്പോര്‍ട്ട് ഒരു പ്രമുഖ മാദ്ധ്യമം പുറത്ത് വിട്ടിട്ടുണ്ട്. ഈ മന്ത്രിമാരുമായി സാമ്ബത്തിക ഇടപാടുകള്‍ സ്വപ്ന നടത്തിയിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉന്നതര്‍ക്ക് കേസുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡല്‍ഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ഡല്‍ഹിയില്‍ പോയി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നു ഇദ്ദേഹം മടങ്ങിയെത്തും, ഇതിന് ശേഷമാകും അടുത്ത നടപടികളിലേക്ക് കടക്കുന്നത്.

സീഡാക്കില്‍ ഡീകോഡ് ചെയ്ത് എടുത്ത ചാറ്റുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതര്‍ക്കെതിരായ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്. ഈ മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ഞെട്ടിപ്പോയി. വെറുതെ ഞെട്ടിയതു മാത്രമല്ല, അധികാരം ദുരുപയോഗപ്പെടുത്തിയ ഉന്നതരുടെ പേരു കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്ന് വിധിന്യായത്തില്‍ രണ്ടിടത്ത് മജിസ്‌ട്രേറ്റ് എഴുതിവച്ചു. വമ്ബന്‍ സ്രാവുകളുടെ പേരുകള്‍ തന്റെ മുന്നിലുണ്ടെങ്കിലും രഹസ്യാത്മതക പുറത്താകുമെന്നതിനാല്‍ പേരുകള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന പരാമര്‍ശവും മജിസ്‌ട്രേറ്റ് വിധിയില്‍ ഉള്‍പ്പെടുത്തി.

ഇതിനു പിന്നാലെ നാലുദിവസമെടുത്ത് സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ കസ്റ്റംസ് രേഖപ്പെടുത്തി. ബാഹ്യസമ്മര്‍ദ്ദമൊന്നുമില്ലാതെ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയില്‍ നിന്ന് ഇനി സ്വപ്നയ്ക്ക് പിന്മാറാനാവില്ല. രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാട് വമ്ബന്‍ കോളിളക്കമായി മാറും.

വമ്ബന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട ഇടപാടിനെക്കുറിച്ച്‌ കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് അന്വേഷിക്കുക. കോണ്‍സുലേറ്റിലെ ഉന്നതരും നിരവധി വിദേശികളും പ്രതികളായേക്കുമെന്ന് സൂചനയുണ്ട്. മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാലയിടപാട് നടത്തുന്നതായാണ് കണ്ടെത്തല്‍. പഴുതടച്ച അന്വേഷണത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഏതു വമ്ബനായാലും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്നവരെ വെറുതെ വിടേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

Related posts

Leave a Comment