വിജയ് ബാബുവിന്റെ ഒടിടി ചിത്രങ്ങള്‍ക്ക് കുരുക്ക്, ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ; തന്ത്രപരമായ നീക്കവുമായി പൊലീസ്

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ്.

വിജയ് ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നതിന്റെ ആദ്യപടിയായാണ് അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ വിജയ് ബാബുവിന്റെ ഫോട്ടോ അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും.

റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്ത് വന്നാല്‍ നിയമപരമായി വിജയ് ബാബുവിനെ പിടികൂടി ദുബായ് പൊലീസിന് ഇന്ത്യയിലേക്ക് മടക്കി അയക്കാം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ ചിത്രം വരുന്നതോടെ വിജയ് ബാബു പങ്കാളിയായ ഒ ടി ടി ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

വിദേശ മുതല്‍മുടക്കുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഒ ടി ടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും വാറന്റിന്റെ പകര്‍പ്പ് കൈമാറാനുള്ള നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ സഹോദരന്‍ പ്രതിയായ ഗാര്‍ഹിക പീഡന കേസില്‍ കൂട്ടുപ്രതിയാക്കപ്പെട്ട ഹിന്ദി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്ക് ജാമ്യം ലഭിച്ചിട്ട് പോലും ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സമാന സാഹചര്യം നേരിട്ടിരുന്നു.

കോടതി നവാസുദ്ദീനെ കുറ്റവിമുക്തനാക്കിയതിന് ശേഷം മാത്രമാണ് അദ്ദേഹം പങ്കാളിയായ സിനിമകള്‍ വാങ്ങാന്‍ ഒ ടി ടി കമ്ബനികള്‍ തയാറായത്. അതേസമയം വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്ബനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്.

പീഡനത്തിനിരയായ നടി പൊലീസിന് നല്‍കിയ മൊഴികളില്‍ വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ച പരാമര്‍ശമുണ്ട്. സമ്ബന്നരായ പ്രവാസികളെ സ്വാധീനിച്ച്‌ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു എന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ വിനോദ ചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്ബത്തിക വെട്ടിപ്പ് നടത്തിയതായി പരാതിയും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ ഇവര്‍ തെളിവ് നല്‍കിയതുമില്ല. ഈ പശ്ചാത്തലത്തില്‍ വിനോദ ചാനലിന്റെ അധികാരികള്‍ സാമ്ബത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു. നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെതിരെ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്.

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പ് കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യാനാണ് സാധ്യത. പരാതി നല്‍കിയ നടിയെ ബ്ലാക്മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി എന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ ബ്ലാക്മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി എന്നാണ് വിവരം. ഈ സംരംഭകന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തിയത്.

നേരത്തെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരുന്നു. അതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും വേഗത്തില്‍ നാട്ടിലെത്തണം എന്നും ആവശ്യപ്പെട്ടു വിജയ് ബാബുവിന് പൊലീസ് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാന്‍ സാധിക്കില്ല എന്നാണ് വിജയ് ബാബു പറഞ്ഞത്. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ നടി പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു.

Related posts

Leave a Comment