മറഡോണയെന്ന ഇതിഹാസത്തിന് കണ്ണീരോടെ വിട; വിലാപയാത്രയിൽ സംഘര്‍ഷം

ബ്യൂണസ് ഐറിസ്: ഓര്‍മകളുടെ അഭ്രപാളിയിലെ അണയാത്ത നക്ഷത്രമായി ഡിയേഗോ മറഡോണയെന്ന ഇതിഹാസം ഇനിയും ജീവിക്കും. ലോകത്തെ കണ്ണീരിലാഴ്ത്തിയ ഫുട്‌ബോള്‍ മാന്ത്രികന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. പൊതു ദര്‍ശത്തിന് വെച്ചപ്പോഴും നിരവധി ആരാധകരാണ് അവസാനമായി തങ്ങളുടെ ഇതിഹാസ നായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു മൃതദേഹം പൊതു ദര്‍ശനത്തിനായി വെച്ചിരുന്നത്. ശേഷം ബെല്ല വിസ്ത ശ്മശാനത്തിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അര്‍ജന്റീനയയുടെ ലോകകപ്പ് ഫുട്‌ബോള്‍ ഹീറോ ഇനി ഓര്‍മകളില്‍ മാത്രമാണെന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. 60ാം വയസിലാണ് കാല്‍പ്പന്തിലെ മാന്ത്രികന്‍ ലോകത്തോട് യാത്ര പറഞ്ഞത്.

ഏറെ നാളുകളായി രോഗങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം. മറഡോണയുടെ വിലാപയാത്രയില്‍ പങ്കെടുക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ നിയന്ത്രിക്കാന്‍ പോലീസിന് നന്നായി പാടുപെടേണ്ടി വന്നു. പല സ്ഥലങ്ങളിലും പോലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. തങ്ങളുടെ ജീവിത നായകനെ അവസാന നോക്കുകാണാന്‍ ആരാധക പ്രവാഹം തന്നെയായിരുന്നു.

മറഡോണയുടെ വിയോഗ വാര്‍ത്ത കായിക ലോകത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മറഡോണയുടെ ട്രിബ്യൂട്ടുകളും പോസ്റ്ററുകളുമായി വിയോഗത്തിലും വീര നായകനായിത്തന്നെ മറഡോണയെ ആരാധകര്‍ യാത്രയാക്കുകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ഇതിഹാസമായി മാറിയതിന് പിന്നിലെ പ്രചോദിപ്പിക്കുന്ന ഒരുപാട് കഥകള്‍ മറഡോണയുടെ ജീവിതത്തിന് പറയാനുണ്ട്.

1986ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ചതോടെയാണ് മറഡോണ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ ദൈവമായി മാറിയത്. കരിയറില്‍ നേട്ടങ്ങള്‍ക്കും റെക്കോഡുകള്‍ക്കുമൊപ്പം വിവാദങ്ങളും പിന്തുടര്‍ന്ന താരമാണ് മറഡോണ. പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ അദ്ദേഹത്തിനുണ്ടായി. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷവും ലഹരി ഉപയോഗത്തിന് അദ്ദേഹം വിവാദത്തില്‍ പെട്ടിട്ടുണ്ട്.

1986ലെ ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ച ദൈവത്തിന്റെ കൈ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന വിവാദ ഗോള്‍ മറഡോണയുടെ പേരിനൊപ്പം ചേര്‍ത്ത് നിര്‍ത്തപ്പെട്ട സംഭവമാണ്. മറഡോണയുടെ വിടവാങ്ങലില്‍ പെലെയുടെ വാക്യങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ‘ഇനി ഒരിക്കല്‍ ആകാശത്തുവെച്ച്‌ ഒരുമിച്ച്‌ പന്ത് തട്ടാം’. അതെ മരണത്തിനും തോല്‍പ്പിക്കാനാവാത്ത അതുല്യനായി ആകാശത്തും അദ്ദേഹം പന്ത് തട്ടുന്നുണ്ടാവുമെന്ന് എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Related posts

Leave a Comment