ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയല്‍ താരം അറസ്റ്റില്‍

പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് കരണിനെതിരെ നിഷ പരാതി നല്‍കിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്ബതികളായിരുന്നു കരണ്‍ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച്‌ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.

മെയ് ആദ്യമാണ് താരദമ്ബതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി ആദ്യം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരണ്‍ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു.

 

 

ഷൂട്ടിങ് സംഘത്തിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കരണ്‍ പഞ്ചാബില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ദമ്ബതികള്‍ക്കിടയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.

 

 

2012 ലാണ് കരണും നിഷയും വിവാഹിതരാകുന്നത്. നാല് വയസ്സുള്ള ഒരു മകനും ഇവര്‍ക്കുണ്ട്.

കെസാര്‍, ഷാദി മുബാറക് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച നടിയാണ് നിഷ റാവല്‍.

Related posts

Leave a Comment