പ്രായം തളര്‍ത്താത്ത വീര്യത്തിലൂടെ കീഴ്‌പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി ആദരിച്ചു. തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്.

പത്തനംതിട്ട: നിരവധി ബൈക്ക് മോഷണ, മാല മോഷണകേസുകളില്‍ പ്രതിയായ മോഷ്ടാവിനെ പ്രായം തളര്‍ത്താത്ത വീര്യത്തിലൂടെ കീഴ്‌പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി ആദരിച്ചു. തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്. അഡിഷണല്‍ എസ്‌പി ആര്‍ രാജന്‍, രാധാമണിയുടെ വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം.

ബാങ്കില്‍ പോയി മടങ്ങുകയായിരുന്ന രാധാമണിയമ്മയെ വഴി ചോദിക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ആക്രമിച്ചത്. കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ വയോധിക നേരിട്ടു. പിടിവലിക്കിടയില്‍ മോഷ്ടാവ് ബൈക്കില്‍ നിന്ന് വീണു. മാലയുടെ ഒരു കഷണവുമായി, മോഷ്ടാവ് ബൈക്കും ഹെല്‍മറ്റും ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടി. ഇയാള്‍ കൊടുംക്രിമിനലും സ്ഥിരം മോഷ്ടാവുമാണ്.

സഹായിക്കാന്‍ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാന്‍ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകര്‍ന്നു നല്‍കുന്നതാണെന്ന ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന സന്ദേശത്തില്‍ പറയുന്നു. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ പൂര്‍ണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പൊലീസിന്റെ വലിയ സമ്മാനത്തില്‍ഏറെ അഭിമാനം കൊള്ളുകയാണ്. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുമോദനങ്ങള്‍ കലവറയില്ലാതെ ചൊരിഞ്ഞതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഈ വയോധിക.

റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (30) ആണ് പിടിയിലായത്. ഇയാള്‍ പഠിച്ച കള്ളനാണ്. ഓരോ തവണയും ജയിലില്‍ പോകും. ഇറങ്ങി വന്നാലുടന്‍ കറങ്ങാന്‍ പോകും. ഒറ്റ കറക്കത്തില്‍ 25 ബൈക്ക് വരെ മോഷ്ടിക്കും. പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ പറയുന്നത് താന്‍ എയ്ഡ്‌സ് രോഗിയാണെന്നാണ്. പൊലീസിന്റെ ഇടി കിട്ടുന്നത് ഒഴിവാക്കാനാണ് ഈ കള്ളക്കളി. സാധാരണ കൊടുംക്രിമിനലിനെ കൈയില്‍ കിട്ടിയാല്‍ പൊലീസ് ഇടിക്കാറുണ്ട്.

ഇത് മനസിലാക്കിയാണ് വിവിധ സ്റ്റേഷനുകളില്‍ പിടിയിലാകുമ്ബോള്‍ ഇയാള്‍ എയ്ഡസ് രോഗം അഭിനയിക്കുന്നത്. പതിവായി പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് മനസിലാകുമെങ്കിലും ആദ്യമായി ഒരു സ്റ്റേഷനില്‍ പിടിയിലായാല്‍ അവര്‍ ഇയാളുമായി എച്ച്‌ഐവി ടെസ്റ്റിന് പോകേണ്ടിയും വരുന്നുണ്ട്.ഒരു പാട് പേരെ ഉപദ്രവിച്ച്‌ കവര്‍ച്ച നടത്തിയിട്ടുണ്ട്. ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്ബോള്‍ ഒരു വീട്ടമ്മയെ പ്രണയം നടിച്ച്‌ കെണിയിലാക്കി. പിന്നീട് അവരുടെ സ്വര്‍ണമാലയും മോഷ്ടിച്ച്‌ മുങ്ങി.

രാധാമണിയമ്മയുടെ സമീപം ബിനു വഴി ചോദിക്കാനെന്ന വ്യാജേനെയാണ് എത്തിയത്. വഴി പറയുന്നതിനിടെ മോഷ്ടാവ് മാല പറിച്ചെടുത്തെങ്കിലും രാധാമണിയമ്മ മനോധൈര്യം കൈവിട്ടില്ല. പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവര്‍ മല്‍പ്പിടുത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലം പതിച്ചു. രക്ഷയില്ലെന്ന് വന്നപ്പോള്‍ വാഹനവും ഹെല്‍മെറ്റും ഉപേക്ഷിച്ച്‌ മാലയുടെ കുറെ ഭാഗവുമായി ബിനു കടന്നു കളയുകയായിയിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലില്‍ മൂന്ന് മണിക്കൂറിന് ശേഷം പ്രതി സംഭവസ്ഥലത്തിന് സമീപം നിന്ന് പിടിയിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണ, പിടിച്ചു പറി കേസുകളില്‍ പ്രതിയാണ് ബിനു. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നത് ആണ് ഇയാളുടെ രീതി. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടു വന്നയാളുടെ ആഭരണം മോഷ്ടിച്ചതിന് അടുത്ത കാലത്ത് അറസ്റ്റിലായിരുന്നു.

മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കില്‍ എത്തി റിട്ട. ടീച്ചറെ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച്‌ മൂന്നു പവന്‍ മാല കവര്‍ച്ച, മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം വീട്ടില്‍ നിന്ന സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ച്ച, നിന്നും ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇപ്പോള്‍ പേരിലുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പല ഭാഗത്ത്്‌നിന്നും ബൈക്ക് മോഷണങ്ങളും അനവധി നടത്തിയിട്ടുണ്ട്.

2014 ല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട. ഐബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ പകല്‍ സമയം വെള്ളം ചോദിച്ച്‌ എത്തി അകത്ത് കയറി ഗൃഹനാഥനേയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച ശേഷം കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പ്രതിയാണ്.

Related posts

Leave a Comment