പട്ടിണി കിടന്ന് മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം

മുസഫര്‍പൂര്‍ : പട്ടിണി കിടന്ന് മരിച്ച അമ്മയുടെ സാരിയില്‍ പിടിച്ച്‌ വലിച്ച്‌ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ വിളിച്ചുണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയണ് ആ കുഞ്ഞ്. ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. എന്നാല്‍ ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല… ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്.

ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഈ നൊമ്ബര ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു യുവതിയെന്നാണ് അവരുടെ കുടുംബം പറയുന്നത്. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച്‌ യുവതി കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച്‌ രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു.

യുവതി സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. മുതിര്‍ന്ന കുട്ടി അവനെ പിടിച്ചുകൊണ്ടുപോകുന്നതുവരെ അവന്‍ ഇത് തുടരുകയായിരുന്നു.

Related posts

Leave a Comment