‘താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്, എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്.’;സിദ്ധിഖ് കാപ്പനെ കാണാന്‍ എത്തിയ ഭാര്യയെ തടഞ്ഞ് പൊലീസ്

സുപ്രീം കോടതി നിര്‍ദേശ പ്രകാരം എയിംസ് ആശുപത്രിയില്‍ ഹാജരാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കില്ലെന്ന് ഭാര്യ റൈഹാന. മെയ് 1 ന് കൊച്ചിയില്‍ നിന്നും ദില്ലിയില്‍ എത്തിയെങ്കിലും പൊലീസ് കാണാന്‍ അനുവദിക്കില്ലെന്ന് റൈഹാന ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കാപ്പനെ കാണാന്‍ ഭാര്യയെ അനുവദിക്കണമെന്ന് കോടതി പരാമര്‍ശങ്ങള്‍ക്കിടയില്‍ ജഡ്ജി വ്യക്തമാക്കിയെങ്കിലും പൊലീസ് തന്നെ തടഞ്ഞുവെന്നാണ് റൈഹാനയുടെ ആരോപണം. ഇത് സംബന്ധിച്ച്‌ മധുര കോടതിയിലും ഹൈക്കോടതിയിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും റൈഹാന അറിയിച്ചു. മകള്‍ക്കൊപ്പമാണ് റൈഹാന ദില്ലിയില്‍ എത്തിയത്.

ഏപ്രില്‍ 30ന് സിദ്ധിക്കയെ സുപ്രീം കോടതി വിധി അനുസരിച് ഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.

മെയ് 1ന് കൊച്ചിയില്‍ നിന്നും രാവിലെ 10ന് ഞാനും മോനും കൂടെ ഡല്‍ഹിയിലേക്ക് ഫ്‌ലൈറ്റ് കയറി..
കോടതിയിലെ പരാമര്ശങ്ങള്ക്കിടയില്‍ വ്യക്തമായി ജഡ്ജ് പറഞ്ഞിരുന്നു ഭാര്യക്ക് ഡല്‍ഹിയില്‍ വന്നു അദ്ദേഹത്തെ കാണാമെന്ന്.

എന്നെ പോലീസ് സമ്മതിക്കുന്നില്ല കാണാന്‍.. ഒരിത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ല. താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്. എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

ഇവിടെ കൂടുതല്‍ നില്‍ക്കാനും പറ്റില്ല. മോള്‍ കരയുന്നുണ്ട്.. അവള്‍ക് ഭയമാണ്.. ഉപ്പച്ചിയെ പോലെ എന്നെയും നഷ്ടമാവുമെന്ന്. മധുര കോടതിയിലും, ഹൈക്കോടതിയിലും അപേക്ഷ വെച്ചിട്ടുണ്ട്. പ്രാര്‍ത്ഥന.. എല്ലാവരുടെയും

Related posts

Leave a Comment