‘തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കുന്നു’; കെ സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസും സി പി എമ്മും

തിരുവനന്തപുരം: ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി.

സി പി എം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് പരാതി നല്‍കിയത്. സ്‌ത്രീകളെയാകെ അപമാനിച്ചുള്ള ബി ജെ പി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, സുരേന്ദ്രന്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയില്‍ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂരില്‍ ബിജെപിയുടെ സ്‌ത്രീശാക്തികരണ സമ്മേളത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

‘സ്‌ത്രീശാക്തികരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു.

നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഈ പ്രസ്താവനയില്‍ സി പി എം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സഭ്യേതരമായ പരാമര്‍ശമാണ് സി പി എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ കെ സുരേന്ദ്രന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഒരു രാഷ്‌ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്‌ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഒരു സി പി എം നേതാവ് പോലും രംഗത്ത് വന്നില്ല.

സുരേന്ദ്രനെതിരെ സി പി എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വി ഡി സതീശന്റെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആദ്യം പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബില്‍ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൈമാറണമെന്ന് പി സുധീര്‍ വിമര്‍ശിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസുകൊടുക്കുമെന്ന സതീശന്റെ പ്രസ്താവന സിപിഎമ്മിന്റെ പ്രീതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിനെ കേരളം കണ്ടിട്ടില്ല. കെ.സുരേന്ദ്രന്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്.

കേരളത്തിലെ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ ഒരു പാരാമര്‍ശവും അതിലില്ലാത്തതു കൊണ്ടാണ് സിപിഎം പ്രതികരിക്കാത്തത്.

എന്നാല്‍ രാഹുല്‍ഗാന്ധി വിഷയത്തില്‍ തങ്ങളെ സഹായിച്ച സിപിഎമ്മിനെ തിരിച്ചു സഹായിക്കാനുള്ള വെപ്രാളമാണ് സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

സിപിഎമ്മിന്റെ അച്ചാരം വാങ്ങി ബിജെപിക്കെതിരെ എന്തും പറയാമെന്ന് വിഡി സതീശന്‍ വിചാരിക്കരുതെന്നും പി സുധീര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡീയയില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത വ്യക്തിയാണ് വിഡി സതീശന്‍ എന്ന് എല്ലാവര്‍ക്കും അറിയാം.

അദ്ദേഹം ബിജെപിയെ സ്ത്രീവിരുദ്ധത പഠിപ്പിക്കാന്‍ വരണ്ട.

സ്വാഭാവിക നീതി കിട്ടാത്തതിന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് സതീശന്‍ ഓര്‍ക്കണം.

പല രഹസ്യ ഇടപാടുകളില്‍ നിന്നും പിണറായി വിജയന്‍ രക്ഷിച്ചതിലുള്ള പ്രത്യുപകാരമാണ് സതീശന്‍ തിരിച്ചു ചെയ്യുന്നതെന്നും പി സുധീര്‍ പറഞ്ഞു.

Related posts

Leave a Comment