ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ‘വെള്ളി’ 2 വർഷത്തിനുശേഷം സ്വർണമായി

ന്യൂഡൽഹി ∙ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാളി താരം വൈ.മുഹമ്മദ് അനസ് ഉൾപ്പെട്ട ഇന്ത്യൻ 4–400 മീറ്റർ മിക്സ്ഡ് റിലേ ടീം നേടിയ വെള്ളി മെഡൽ സ്വർണമാക്കി ഉയർത്തി. വനിതാ 400 മീറ്റർ ഹർഡിൽസിൽ 4–ാമതു ഫിനിഷ് ചെയ്ത മലയാളിതാരം അനു രാഘവനു വെങ്കലവും ലഭിക്കും. ഈ രണ്ടിനങ്ങളിലും ഇറങ്ങിയ ബഹ്റൈൻ അത്‌ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയതിനാലാണിത്.
അനസ്, എം.ആർ.പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് എന്നിവർ ഉൾപ്പെട്ട ടീമാണു ജക്കാർത്തയിൽ വെള്ളി നേടിയത്. അഡെക്കോയ ഓടിയ ബഹ്റൈൻ ടീമിനായിരുന്നു സ്വർണം. അവർക്കു വിലക്കു വന്നതോടെ ബഹ്റൈന്റെ മെഡൽ തിരിച്ചെടുത്തു. ഹർഡിൽസിൽ അഡെക്കോയയ്ക്കായിരുന്നു സ്വർണം. അവർ അയോഗ്യയാക്കപ്പെട്ടതോടെ, 4–ാം സ്ഥാനത്തുവന്ന അനുവിനു മൂന്നിലേക്കു പ്രമോഷൻ; വെങ്കലം. മെഡലുകൾ എപ്പോൾ വിതരണം ചെയ്യുമെന്ന് അത്‍ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല.

Related posts

Leave a Comment