ചിരിയുടെ തമ്പുരാന് വിട; നടൻ മാമുക്കോയ അന്തരിച്ചു

പ്രശസ്ത നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. ആദ്യം ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും പിന്നീട് നല്ല ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി.

കോഴിക്കോടൻ ഭാഷാ ശൈലി ‍മനോഹരമായി അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.

ഈ സംഭാഷണ ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റു നടൻമാരിൽ നിന്ന് വേറിട്ട് നിർത്തിയതും.

വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകത്തിലേക്ക് വന്നിരുന്നു. വളരെ സ്വാഭാവികമായുള്ള അഭിനയവും അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് അദ്ദേഹം ജനിച്ചത്.

സുഹ്റയാണ് ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ. കല്ലായിയിൽ മരം അളക്കലായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി.

മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാം അദ്ദേഹം ചെയ്തിരുന്നു. നാടകവും മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചു കൊണ്ടുപോയി.

കോഴിക്കോട് ഭാഗത്തെ നിരവധി നാടക- സിനിമ പ്രവർത്തകരുമായി സൗഹൃദത്തിലായി.

പിന്നീട് സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഒരുക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയെന്ന കഥാപാത്രമാണ് മാമുക്കോയയെ ശ്രദ്ധേയനാക്കിയത്.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കുള്ള നടനായി മാറി.

റാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ വേഷം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്ക, പെരുമഴക്കാലത്തിലെ അബ്ദു, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുകവാർത്ത തുടങ്ങി ഒട്ടേറെ മികച്ച വേഷങ്ങളിൽ അദ്ദേഹമെത്തി.

കോരപ്പൻ ദ് ഗ്രേറ്റ് എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായും മാമുക്കോയ എത്തി. പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.

ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ 2008 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

Related posts

Leave a Comment