കൊലക്കത്തി രാഷ്‌ട്രീയത്തില്‍ ജീവിതതാളം തെറ്റി, ഒടുവില്‍ മരണത്തില്‍ അഭയംതേടി , കെ.ടി. ജയകൃഷ്‌ണന്‍ വധം നേരില്‍കണ്ട ഷെസീന 22 വര്‍ഷത്തിനു ശേഷം ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂരിലെ കൊലക്കത്തി രാഷ്‌ട്രീയത്തിന്‌ ബാല്യകാലത്തു ദൃക്‌സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം വിട്ടുമാറാതെ യുവതി ജീവനൊടുക്കി.

1999 ല്‍ യുവമോര്‍ച്ചാ നേതാവ്‌ കെ.ടി. ജയകൃഷ്‌ണനെ മൊകേരി യു.പി. സ്‌കൂളിലെ ക്ലാസ്‌മുറിയില്‍ കയറി വെട്ടിക്കൊല്ലുന്നതു കാണേണ്ടിവന്ന അന്നത്തെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനി കൂരാറ മണ്ടമുള്ളയില്‍ ഷെസീന(31)യാണ്‌ വിട്ടുമാറാത്ത മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കിയത്‌.

ആ സംഭവത്തിനുശേഷം ഷെസീന സ്‌കൂളില്‍പ്പോലും പോയിരുന്നില്ല.

യുവമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റും ഗണിതശാസ്‌ത്ര അധ്യാപകനുമായിരുന്ന കെ.ടി. ജയകൃഷ്‌ണനെ സി.പി.എം. പ്രവര്‍ത്തകരാണ്‌ ക്ലാസില്‍ കയറി വെട്ടിക്കൊന്നത്‌.

1999 ഡിസംബര്‍ ഒന്നിന്‌ കുട്ടികള്‍ കണ്ടുനില്‍ക്കെയായിരുന്നു അരുംകൊല. കൊലപാതകത്തിനു ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികള്‍ അതിനുശേഷം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ്‌ നടത്തി ഇവരില്‍ പലരെയും സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു.എന്നാല്‍ കളിചിരികള്‍ മാഞ്ഞ്‌ അതികഠിനമായ മാനസിക വൈഷമ്യത്തിലേക്കു നീങ്ങുകയായിരുന്നു ഷെസീന.

ആ സംഭവത്തിനുശേഷം പാഠപുസ്‌തകം കാണുന്നതുപോലും അവള്‍ക്കു പേടിയായി.

സ്‌കൂളിലേക്കു പോകാതിരുന്ന അവള്‍ ആംബുലന്‍സിന്റെ ശബ്‌ദം കേട്ടാല്‍പ്പോലും വീട്ടിനകത്തേക്ക്‌ ഓടിയൊളിക്കുമായിരുന്നു.

രക്ഷിതാക്കള്‍ മറ്റൊരു സ്‌കൂളിലേക്കു മാറ്റിനോക്കിയെങ്കിലും ഷെസീനയ്‌ക്കു പഠനം തുടരാന്‍ കഴിഞ്ഞില്ല.

പിന്നീട്‌ ൈപ്രവറ്റായി പഠിച്ച്‌ എസ്‌.എസ്‌.എല്‍.സി. പാസായെങ്കിലും അതികഠിനമായ പോസ്‌റ്റ്‌ ട്രോമാറ്റിക്ക്‌ സ്‌ട്രെസ്‌ ഡിസോഡര്‍ എന്ന മാനസികരോഗം അവളെ പിടികൂടി.

പലതവണ ഷെസീന ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണു ബന്ധുക്കള്‍ പറയുന്നത്‌.

അന്നു മൊകേരി സ്‌കൂളില്‍ പഠിച്ച പല കുട്ടികളും കൊലപാതകത്തിന്റെ ആഘാതത്തില്‍നിന്നു മുക്‌തരായിട്ടില്ലെന്ന്‌ ഷെസീനയുടെ അമ്മാവന്‍ പാനൂര്‍ സ്വദേശിയായ ഭാഗ്യനാഥ്‌ പറഞ്ഞു.

കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലൊന്നായ കൂരാറയിലാണ്‌ ഷെസീനയുടെ വീട്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഷെസീനയുടെ മൃതദേഹം സംസ്‌കരിച്ചു.

നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Related posts

Leave a Comment