കേരളത്തില്‍ ഇപ്പോഴുള്ള പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെ; പാതകളിലെ തുടര്‍ച്ചയായ കടുത്ത വളവുകളാണു തടസം; മെട്രോ മാന്‍ പറഞ്ഞത് പ്രതീക്ഷ….

കൊച്ചി: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാന്‍ ഇ.ശ്രീധരന്‍ പറയുന്നത് ചര്‍ച്ചയാക്കാന്‍ സിപിഎം.

സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിനു പകരമാകില്ലെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്. ഇതിനെ ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം.

ബജറ്റില്‍ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂര്‍ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം. വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ വേണമെന്ന നിലപാട് ആവര്‍ത്തിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്.

ശ്രീധരന്റെ വാക്കുകള്‍ അവര്‍ ചര്‍ച്ചയാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പദ്ധതി രേഖയില്‍ മാറ്റം വരുത്തി പുതിയ തലത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സില്‍വര്‍ലൈനിന് എതിരല്ലെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളും പ്രതീക്ഷയാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കുന്ന തരത്തില്‍ പദ്ധതി അവതരിപ്പിക്കും. കോണ്‍ഗ്രസിനേയും ബിജെപിയേയും എല്ലാം പറഞ്ഞ് മനസ്സിലാക്കാന്‍ ഇടനിലക്കാരും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ യാത്രയും ഈ ലക്ഷ്യത്തോടെയാണ്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിന് പ്രവാസി വ്യവസായിയെ തന്നെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കേരളത്തില്‍ ഇപ്പോഴുള്ള പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണു കാരണം. പാതകളിലെ തുടര്‍ച്ചയായ കടുത്ത വളവുകളാണു ഇതിനു തടസം. ഇവ നിവര്‍ത്തുക എളുപ്പമല്ല. വളരെ സാമ്ബത്തിക ചെലവേറിയ ജോലിയാണ്. അതിനായി ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്‌ക്കേണ്ടി വരും. തിരക്കേറിയ റൂട്ടുകളായതിനാല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കല്‍ പ്രായോഗികമല്ലെന്നും ശ്രീധരന്‍ വിശദീകരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പല ബ്രോഡ്‌ഗേജ് പാതകളും പഴയ മീറ്റര്‍ഗേജ് പാതകള്‍ അലൈന്മെന്റില്‍ കാര്യമായ മാറ്റം വരുത്താതെ ബ്രോഡ്‌ഗേജാക്കിയവയാണ്. മീറ്റര്‍ ഗേജ് പാതയിലെ കടുത്ത വളവുകള്‍ അതേ പോലെ തന്നെ ഈ പാതകളിലുണ്ട്. തിരുവനന്തപുരം-കൊല്ലം, കൊല്ലം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ പാതകളിലാണു ഈ പ്രശ്‌നമുള്ളത്. എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ വളവുകള്‍ കൂടുതലാണ്-ശ്രീധരന്‍ പറയുന്നു.

മംഗളൂരു-ഷൊര്‍ണൂര്‍ പാതയില്‍ വളവുകള്‍ കുറവാണെങ്കിലും അവിടെ വേഗം കൂട്ടണമെങ്കില്‍ ഏറെ പണികള്‍ ചെയ്യണം. 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കണമെങ്കില്‍ പുതിയ അലൈന്മെന്റില്‍ തൂണുകളിലോ ഭൂമിക്കടിയിലൂടെയോ പുതിയ മൂന്നാം പാത നിര്‍മ്മിക്കണമെന്നും ഇ.ശ്രീധരന്‍ പറയുന്നു. താഴെ കൂടി ഇനിയൊരു പാത നിര്‍മ്മാണം കേരളത്തില്‍ സാധ്യമല്ലെന്നും ശ്രീധരന്‍ വിശദീകരിക്കുന്നുണ്ട്.

സില്‍വര്‍ലൈനില്‍ ഇരുദിശയിലും 37 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണു രേഖകളിലുള്ളത്. അങ്ങനെയെങ്കില്‍ വിരലിലെണ്ണാവുന്ന വന്ദേഭാരത് ട്രെയിനുകളെ അത്തരമൊരു പദ്ധതിയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. 3 വര്‍ഷം കൊണ്ടു 400 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നതും ചോദ്യ ചിഹ്നമാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മ്മാണമാണു ഇപ്പോള്‍ നടക്കുന്നത്. ആദ്യ 75 ട്രെയിനുകളുടെ കൂട്ടത്തിലുള്ളതാണിവ. കോച്ച്‌ ഫാക്ടറികളിലെ ഉല്‍പാദനം 2 മടങ്ങ് വര്‍ധിപ്പിച്ചാല്‍ മാത്രമേ ഒരേ സമയം എല്‍എച്ച്‌ബി കോച്ചുകളും വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മ്മാണവും വേഗത്തിലാക്കാന്‍ കഴിയൂ. ഇതെല്ലാം വന്ദേഭാരതിനുള്ള വെല്ലുവിളിയാണ്.

അതിനിടെ സില്‍വര്‍ലൈന്‍ സംബന്ധിച്ച്‌ ഇപ്പോള്‍ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു. പദ്ധതിസംബന്ധിച്ച്‌ കേരളസര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. അലെയ്ന്മെന്റ്, സാമ്ബത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയില്‍വേ വിശദീകരണം തേടിയിട്ടുണ്ട്.

ഇതിനുപുറമേ, പദ്ധതിക്കായി റെയില്‍വേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, പദ്ധതിയില്‍ ഓഹരിപങ്കാളിത്തം വഹിക്കുന്ന കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്ബത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയില്‍വേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ ഭരണതലത്തിലുള്ള തീരുമാനങ്ങള്‍ക്ക് ഇനിയും കടമ്ബകളുണ്ടെന്നും റെയില്‍വേ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.

Related posts

Leave a Comment