എല്ലാം ബെനാമി ഡീല്‍: ആ 100 കോടി എവിടെനിന്ന്? നജീമിനെപ്പോലെ നിരവധി വിശ്വസ്തര്‍

കൊച്ചി : റിയൽ എസ്റ്റേറ്റ് വ്യവസായിയും ലാൻഡ് ബാങ്ക് ഉടമയുമായ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവൻ ഇടപാടുകളും വിശ്വസ്തരായ ഇടനിലക്കാരെ ബെനാമികളാക്കിയാണു നടത്തിയിട്ടുള്ളതെന്ന് ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തി.

കോടിക്കണക്കിനു രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2008 മുതൽ ഫാരിസ് കൊച്ചിയിൽ നടത്തിയിട്ടുണ്ടെങ്കിലും രേഖകൾ ഒന്നും ഫാരിസിന്റെ ഓഫിസുകളിൽ ലഭ്യമല്ല.

ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാർപ്പിട പദ്ധതികളിൽ ഇടനിലക്കാരുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫ്ലാറ്റുകളിലാണു റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്.

ഫാരിസിന്റെ വിശ്വസ്തനായ കണ്ണൂർ സ്വദേശി നജീം അഹമ്മദ് പാലക്കണ്ടിയുടെ പേരിലുള്ള ഫ്ലാറ്റാണ് ഐടി വിഭാഗം മുദ്രവച്ചത്. ഇവിടെനിന്നു രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈയിലെ ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരാകണമെന്ന് നജീമിനോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ചിലവന്നൂരിലെ ഫ്ലാറ്റിലെ വസ്തുവകകൾ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.

നജീമിനെ പോലുള്ള പല ഇടനിലക്കാരും ഫാരിസിനു കൊച്ചിയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.

ആദായനികുതി വിഭാഗം കസ്റ്റഡിയിലെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പരിശോധിക്കും.

സമീപകാലത്തു കൊച്ചിയിലെ നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണു ഫാരിസിന്റെ പേരിലുള്ള വീടുകളിലും ഓഫിസുകളിലും തിങ്കളാഴ്ച മുതൽ നടക്കുന്നത്.

Related posts

Leave a Comment