ഇന്ത്യയിൽ‍ ആദ്യമായി എയർ‍ബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള

ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ‘എയർ‍ബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി കോപ്റ്റർ വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1,500 എയർ‍ബസ് എച്ച് 145 ഹെലികോപ്റ്ററുകൾ‍ മാത്രമാണുള്ളത്.

രാജ്യത്തെ ആദ്യ എയർബസ് നിർമിത എച്ച് 145 ഡി 3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് ഇന്നലെ പറന്നിറങ്ങിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ ജർമനിയിലെ എയർ ബസ് കമ്പനിയിൽ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച്145ൻ്റെ സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം.

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്സോർബിങ്’ സീറ്റുകളാണു മറ്റൊരു പ്രത്യേകത. അപകടങ്ങളിൽ‍ ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററിൽ‍ ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്ളേഡുള്ള എച്ച് 145 ആണിത്.

കോവളം കൊല്ലം കോഴിക്കോട് എന്നിവിടങ്ങളിലെ റാവിസ് ഹോട്ടലുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് വിനോദസഞ്ചാരികൾക്കായി കോപ്റ്റർ സർവീസ് നടത്തുക. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ഗ്രൂപ്പിന്റെ മനസ്സിലുള്ളത്. കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്.

Related posts

Leave a Comment