”ഇന്ത്യയിലുള്ളത് കുടുംബക്കാര്‍ നടത്തുന്ന പാര്‍ട്ടികള്‍ ; ബിജെപി ഇന്ത്യ മുഴുവനുളള പാര്‍ട്ടി” ; പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുടുംബം നടത്തുന്ന അനേകം പാര്‍ട്ടികള്‍ക്ക് ഇടയില്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഏകപാര്‍ട്ടി ഇന്ത്യയില്‍ ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

കേവലം രണ്ടു സീറ്റില്‍ നിന്നും തുടങ്ങിയ യാത്ര ഇപ്പോള്‍ 303 സീറ്റുകളില്‍ എത്തി നില്‍ക്കുകയാണെന്നും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും വടക്കുമുതല്‍ തെക്കു വരെയും അത് പടര്‍ന്നു പന്തലിച്ചിരിക്കുകയാണെന്നും പറഞ്ഞു.

അഴിമതിയോട് പാര്‍ട്ടിയ്ക്ക് ഒരിക്കലും സന്ധിയില്ലെന്നും നുണപ്രചരണം കൊണ്ട് അതിനെ തടയാമെന്ന് കരുതേണ്ടെന്നും അഴിമതിയ്‌ക്കെതിരേ നടപടിയെടുക്കുമ്ബോള്‍ ചിലര്‍ക്ക് ദേഷ്യം വരിക സ്വാഭാവികം ആണെന്നും പറഞ്ഞു.

‘ഭരണഘടനാ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറ നമുക്കുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ തടയാന്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നത്. നടപടിയെടുക്കുമ്ബോള്‍ ഏജന്‍സികള്‍ ആക്രമിക്കപ്പെടുകയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

ചില പാര്‍ട്ടികള്‍ ‘ഭ്രഷ്ടാചാരി ബചാവോ അഭിയാന്‍’ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഏഴു ദശകങ്ങള്‍ക്ക് ഇടയില്‍ ആദ്യമായിട്ടാണ് അഴിമതയ്‌ക്കെതിരേ നടപടിയെടുക്കപ്പെടുന്നത്. ഇങ്ങിനെ ഞങ്ങള്‍ ചെയ്യുമ്ബോള്‍ ചിലര്‍ അസ്വസ്ഥരാകും ചിലര്‍ക്ക് ദേഷ്യം വരും എന്നാലും അഴിമതിയ്‌ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.

കോണ്‍ഗ്രസിന്റെ കാലത്ത് 5000 കോടിയുള്ള കള്ളപ്പണം മാത്രമാണ് പിടിക്കാനായത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അത് 10 ലക്ഷം കോടിയായി. 20 ശതമാനത്തോളം നിയമവിരുദ്ധര്‍ ഓടിയൊളിച്ചു. അവരെ വേഗം തന്നെ പിടികൂടും.

ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല അത് ഭാവിയിലേക്ക് കൂടിയുള്ള പാര്‍ട്ടിയാണ്. അതിന്റെ ഒരേയൊരു ലക്ഷ്യം ഇന്ത്യയെ വികസിതവും ആധുനികവുമാക്കി മാറ്റുക എന്നതാണ്.

ഡല്‍ഹിയില്‍ ബിജെപിയുടെ സെന്‍ട്രല്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു പ്രസംഗം.

Related posts

Leave a Comment