ആ ബ്രസീലുകാരൻ എഴുതിയതുപോലെ ലോകം ഒന്നടങ്കം കൊതിച്ചു: കപ്പിൽ മെസ്സി മുത്തം

മെക്സിക്കോ സിറ്റിയിലെ പ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രം പിറന്നിട്ട് 36 വർഷം കഴിയുന്നു. അർജന്റീന രണ്ടാം വട്ടം ഫുട്ബോളിലെ വിശ്വവിജയികളായത് 1986 ജൂൺ 29നാണ്. ഡിയേഗോ അർമാൻഡോ മറഡോണ എന്ന ലാറ്റിൻ അമേരിക്കൻ യുവാവ് ലോകമെങ്ങുമുള്ള ആരാധകമനസ്സുകളിൽ ഇതിഹാസ താരമായി മാനംമുട്ടെ വളർന്നത് അന്നാണ്. പിന്നീട് 34 വർഷം കൂടി ജീവിക്കുന്ന ഇതിഹാസമായി മറഡോണ നമ്മുടെയൊക്കെ ഹൃദയങ്ങളിൽ പന്തു തട്ടിക്കളിച്ചെങ്കിലും ഇക്കായളവിൽ ലോകകിരീടം അർജന്റീന ആരാധകരുടെ സ്വപ്നമായി ശേഷിച്ചു. ഇന്നലെ ദോഹയിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അനാവൃതമായ അറേബ്യൻ മായികരാവിൽ ലയണൽ മെസ്സി എന്ന മാന്ത്രികൻ അതു സാക്ഷാത്ക്കരിക്കുന്നതു വരെ. അർജന്റീനയുടെ ഈ വിജയം ഭൂഗോളത്തിന്റെ ഒന്നടങ്കമുള്ള വിജയമാണ്. ‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ ലോകം അതിനായി ഗൂഢാലോചന നടത്തും’ എന്ന് ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ എഴുതിയതു പോലെ എത്രയെത്ര മനുഷ്യമനസ്സുകളാണ് ഒന്നടങ്കം അതിതീക്ഷ്ണമായി ഈ വിജയത്തിനായി കൊതിച്ചിട്ടുണ്ടാവുക! വേഗവും ആക്രമണമികവുമെല്ലാം മേൻമ നിർണയിക്കുന്ന യൂറോപ്യൻ ഫുട്ബോളിന്റെ പ്രായോഗികതയ്ക്കു മേൽ അൽപമൊക്കെ കാൽപനികതയും വൈകാരികതയും ഇഷ്ടപ്പെടുന്ന ആരാധകരുടെ വിജയം കൂടിയാണ്.ഏതു ഘട്ടത്തിലും പരാജയം കാത്തിരിപ്പുണ്ടെന്ന ബോധ്യമാണ് വിജയം വെട്ടിപ്പിടിക്കുന്ന തന്ത്രങ്ങളിലേക്ക് മെസ്സിയെയും കോച്ച് ലയണൽ സ്കലോണിയെയും തിരിച്ചുവിട്ടത്. അധികം പരിചയമില്ലാത്ത എതിരാളികളായ സൗദി അറേബ്യയ്ക്കെതിരെ മാത്രമാണ് ഈ തന്ത്രം പരാജയപ്പെട്ടത്. എന്നാൽ, ആ മത്സരത്തിലെ തോൽവിക്കു ശേഷം മറ്റൊരു മെസ്സിയെയെയും സ്കലോണിയെയുമാണ് ഖത്തർ കണ്ടത്. ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക്അലിസ്റ്റർ തുടങ്ങിയ യുവതാരങ്ങളെ തുറന്നുവിട്ട് എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രം സ്കലോണി–മെസ്സി കൂട്ടുകെട്ട് മെനഞ്ഞെതും അർജന്റീനയുടെ വിജയത്തിൽ നിർണായകമായി. മറഡോണയുടെ പിൻമുറക്കാരായി പിന്നീടുള്ള ലോകകപ്പുകളിൽ അർജന്റീനയുടെ പതാകവാഹകർ ആർക്കും സാധിക്കാതെ പോയ നേട്ടമാണ് മെസ്സിയും കൂട്ടുകാരും ഇത്തവണ സ്വന്തമാക്കിയത്. 2014 ലോകകപ്പ് ഫൈനലിൽ വിജയത്തോളമെത്തിയതിനു ശേഷം കണ്ണീരണിഞ്ഞതിന്റെയും 2018 ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ കീഴടങ്ങിയതിന്റെയും സങ്കടങ്ങളും ഈ കിരീടനേട്ടത്തോടെ അർജന്റീന കഴുകിക്കഴിഞ്ഞിരിക്കുന്നു.

Related posts

Leave a Comment