ആര്യാ രാജേന്ദ്രന്‍ അഴിമതിയുടെ ആള്‍ രൂപം; പ്രായം കുറഞ്ഞ മേയറുടെ വീര്യം കൂടിയ അഴിമതി കഥകള്‍

തിരുവനന്തപുരം: അഴിമതിയിലും വിവാദങ്ങളിലും നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നത്.

ഏറ്റവും പ്രായം കുറ‍ഞ്ഞ മേയര്‍ എന്ന പേരില്‍ സിപിഎം ഉയര്‍ത്തിക്കാട്ടിയ ആര്യാ രാജേന്ദ്രന്‍ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഏറ്റെടുത്തതു മുതല്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ ജോലിക്കെടുക്കാന്‍ ലിസ്റ്റ് ചോദിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം.

ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വലിയ ജനരോഷമാണ് മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണസമിതിക്കെതിരെയും ഉയരുന്നത്.

തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് അനധികൃതമായി പാര്‍ക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ ഇടപെടല്‍ മാസങ്ങള്‍ക്ക് മുൻപാണ് പുറത്തു വന്നത്.

പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തില്‍ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോര്‍പറേഷന്‍ വാടകയ്‌ക്ക് നല്‍കിയത്.

ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോര്‍പ്പറേഷന്‍ വഴി വിട്ട സഹായം ചെയ്തത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്.

വെറും നൂറു രൂപയുടെ പത്രത്തില്‍ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും കരാര്‍ പത്രത്തില്‍ കണ്ണുംപൂട്ടി മേയര്‍ ഒപ്പിടുകയും ചെയ്തു.

ഓണസദ്യ മാലിന്യക്കുപ്പയില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രന്‍ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു.

ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായി.

നടപടി പിന്‍വലിക്കണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം നിര്‍ദ്ദേശം നല്‍കിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ, മേയര്‍ പാര്‍ട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു.

നേമം, ആറ്റിപ്ര സോണുകളില്‍ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവര്‍ത്തകരായ ജീവനക്കാര്‍ വെട്ടിച്ചത്.

സോണുകളില്‍ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നല്‍കാതെ സ്വന്തം അക്കൗണ്ടുകളില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവര്‍.

കുറ്റം ചെയ്തവരെ മേയര്‍ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗണ്‍സിലര്‍മാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

കൊറോണാ പ്രതിസന്ധി കാലഘട്ടത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. എന്നാല്‍, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്.

ലോറികള്‍ക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്.

മേയറുടെയും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതി കഥകള്‍ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമാകുകയാണ്.

Related posts

Leave a Comment