സ്വപ്‌നയുടെ വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മാത്യു കുഴല്‍നാടന്‍‍; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി;ലൈഫ് മിഷന്‍ തട്ടിപ്പില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളി

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം.

സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളിയായി.

മുഖ്യമന്ത്രി പലതവണ ക്ഷുഭിതനായി മാത്യുവുമായി വാക്‌പോര് നടത്തി.

ശിവശങ്കറുമായുള്ള ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കുന്നതിന്റെ ഭാഗമായ ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചു.

സ്വപ്‌നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു.

ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്‌സ്‌ആപ്പ് ചാറ്റുകള്‍ക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു.

എന്നാല്‍, താന്‍ ചൂണ്ടിക്കാട്ടിയത് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വെച്ചു.

തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ തത്കാലം നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ വീണ്ടും തുടങ്ങിയപ്പോഴും മാത്യുവും മുഖ്യമന്ത്രിയുമായി വാക്‌പോര് തുടര്‍ന്നു.

വടക്കാഞ്ചേരിയില്‍ പണിയുന്ന ഫഌറ്റിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടികള്‍ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങള്‍ നിലച്ചതും സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാായിരുന്നു നോട്ടീസ്.

എന്നാല്‍ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‌നമാണെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തില്‍ നേരത്തെ ഉന്നയിച്ചിരുന്നു.

പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആള്‍ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.

Related posts

Leave a Comment