ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച ‘ഗ്രൂപ്പുണ്ടാക്കാനില്ല, ഉണ്ടെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പ്’

മലപ്പുറം: പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിന് താല്‍പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്.

പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.

പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു.

എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു.

‘രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല.

ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല.

കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്’, തരൂര്‍ പറഞ്ഞു.

രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരെയും കൂട്ടിയോചിപ്പിച്ചുള്ള രാഷ്ട്രീയമാണ് അത്യാവശ്യം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂരിന്റെ സന്ദര്‍ശനങ്ങളെ ആരാണ് ഭയക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.

അതേസമയം, ശശി തരൂര്‍ പാണക്കാടെത്തുന്നത് സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചയാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപെടില്ല. പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസിനുണ്ട്. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അറിയാം.

തരൂര്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡിസിസിയിലും എത്തിയെങ്കിലും അവിടെ അവഗണനയാണ് നേരിടേണ്ടി വന്നത്. നേതാക്കളെല്ലാം തരൂരിനെ കാണാതെ വിട്ടു നിന്നു.

കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ അനില്‍കുമാര്‍ അടക്കമുള്ളവര്‍ എത്തിയില്ല. അതേസമയം നിരവധി പ്രവര്‍ത്തകര്‍ തരൂരിനെ കാണാന്‍ എത്തിയിരുന്നു.

പ്രവര്‍ത്തകര്‍ തരൂരിനെ മുദ്രാവാക്യം വിളികളോട് സ്വീകരിച്ചു. മലപ്പുറം ഡിസിസിയില്‍ നിന്നും പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും.

 

Related posts

Leave a Comment