മീന്‍ വാങ്ങികഴിച്ച നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കല്ലറ മീന്‍ മാര്‍ക്കറ്റിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു. നാല് പേരും ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്.

കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ശനിയാഴ്ച ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

അതിനിടെയാണ് ശനിയാഴ്ച വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് പഴകിയ ഭക്ഷണത്തിനായുള്ള പരിശോധന കര്‍ശനമാണ്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് വരെ കാരണമായ ചെറുവത്തൂരിലെ ഷവര്‍മ സാമ്ബിളില്‍ രോഗകാരികളായ സാല്‍മൊണല്ല, ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.

ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാമ്ബിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്ബിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

കോട്ടയത്തും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയം: കോട്ടയം നഗരത്തില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന. അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴയ ചോറ്, ചിക്കന്‍ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകള്‍ എന്നിവയാണ് ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

കോട്ടയം കെ.എസ്.ആര്‍.ടി.സി ക്യാന്റിന്‍, കോശീസ്, വസന്തം ഹോട്ടല്‍, ഇംപീരിയല്‍, ഹരിതം എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.പഴകിയതും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്നതുമായ വിവിധ ആഹാര സാധനങ്ങള്‍ പിടിച്ചെടുക്കുകയും ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

നിയമം ലംഘിച്ചുകൊണ്ടും, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും, വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എബി കുന്നേല്‍പ്പറമ്ബിലും അറിയിച്ചു.

പരിശോധനാ സ്‌ക്വാഡിന് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍. സാനു നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി. പ്രകാശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് പി.ജി, ജീവന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന തുടരുകയാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച്‌ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാന്‍ തീരുമാനിച്ചതായി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നടപടി എടുത്ത ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Related posts

Leave a Comment